04:24pm 25 October 2026
NEWS
മാസം 1 ലക്ഷം രൂപ വരെ ശമ്പളമുള്ളവർ ഇൻകം ടാക്സ് അടക്കേണ്ട
01/02/2025  12:29 PM IST
nila
മാസം 1 ലക്ഷം രൂപ വരെ ശമ്പളമുള്ളവർ ഇൻകം ടാക്സ് അടക്കേണ്ട

ന്യൂഡൽഹി: വമ്പൻ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. ആദായ നികുതി പരിധി ഉയർത്തി. 12 ലക്ഷം വരെ ആദായ നികുതിയില്ലെന്ന് ​ബജറ്റ് അവതരിപ്പിക്കവെ ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. പുതിയ ആദായനികുതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർ‌മല സീതാരാമൻ പറഞ്ഞു. 

ആദായ നികുതി ഘടന ലഘൂകരിക്കും. നികുതിദായകരുടെ സൗകര്യം കൂടി പരി​ഗണിച്ചാകും ഇത്. മുതിർന്ന പൗരന്മാരുടെ ടിഡിഎസ് പരിധിയും ഉയർത്തിയിട്ടുണ്ട്. 

ഇന്ത്യ പോസ്റ്റിനെ രാജ്യത്തെ വലിയ ലൊജിസ്റ്റിക്സ് കമ്പനിയാക്കി മാറ്റുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. രാജ്യവ്യാപകമായി ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകൾ വഴിയാകും പദ്ധതി നടപ്പാക്കുക. പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ പുരോഗതിയുണ്ടാക്കുന്ന പദ്ധതിയാണിതെന്നും നിർമ്മ സീതാരാമൻ പ്രത്യാശ പ്രകടിപ്പിച്ചു.

സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ധൻധാന്യ കൃഷിയോജന പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. വിളവൈവിധ്യവും കാർഷിക ഉൽപാദനവും കൂട്ടുക, മികച്ച സംഭരണ സംവിധാനം ഉറപ്പാക്കുക, ജലസേചനസംവിധാനം മെച്ചെപ്പെടുത്തുക, ധനലഭ്യത ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ‌. 1.7 കോടി കർഷകർക്ക് പദ്ധതി സഹായകരാകുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. പച്ചക്കറി–പഴ ഉൽപാദനത്തിനും സംഭരണത്തിനും വിതരണത്തിനും പ്രത്യേക പദ്ധതി ഒരുക്കും.

ബിഹാറിനു വേണ്ടി മഖാന ബോർഡ് സ്ഥാപിക്കും. സസ്യാഹാരികളുടെ പ്രോട്ടീൻ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്നതാണ് മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്ത്. ഇതിന്റെ ഉൽപാദനത്തിനു വേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം വേണമെന്ന് നേരത്തേ ബിഹാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മഖാനയുടെ ഉൽപാദനവും സംഭരണവും വിതരണവും ശക്തമാക്കുകയാണ് മഖാന ബോർഡിന്റെ ലക്ഷ്യം.

എല്ലാ ഗവ. സെക്കൻഡറി സ്കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഭാരത് നെറ്റിന്റെ പിന്തുണയോടെ ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് ഉറപ്പാക്കും. സെന്റർ ഓഫ് എക്സലൻസ് ഇൻ ആർടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപിക്കും. ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, സുസ്ഥിര വികസിത മേഖലകളെ ഉൾപ്പെടെ ലക്ഷ്യമിട്ടായിരിക്കും ഇത്. അടൽ ഇന്നവേഷൻ മിഷന്റെ കീഴിൽ രാജ്യത്തെ സ്കൂളുകളിൽ അടൽ ടിങ്കറിങ് ലാബറട്ടറീസ് (എടിഎൽ) സ്ഥാപിക്കും. കുട്ടികളുടെ ചിന്താശേഷി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img